Thursday, October 4, 2007

കടത്തിവെട്ടല്‍

'രാമാ,നീയിത്‌ കേട്ടില്ല്യേ.'

'എന്താ തമ്പ്രാ.'

'പുത്യ സര്‍വേ പ്രകാരം ഭാരത ദേശം അടുത്ത്‌ തന്നെയങ്ങട്‌ ചീനനെ കടത്തിവെട്ടൂന്നാ പറ്യണേ.'

'വെട്ടട്ടെ തമ്പ്രാ.അവനിട്ടൊരു വെട്ട്‌ കൊടുക്കണോന്ന് എനിക്ക്‌ പണ്ടേ തോന്നീതാ.ബായി ബായി കളിച്ച്‌ അവന്‍ നമുക്കിട്ട്‌ പണിതപ്പഴേ ഞാനൊന്ന് ഓങ്ങി വച്ചതാ.'

'ഏഭ്യാ.ചീനനെ വെട്ടാന്‍ അങ്ങട്‌ ചെന്നേച്ച്യാലും മതി.അവന്‍ കത്തിക്കും.നോം പറഞ്ഞതേ ജനങ്ങടെ പെരുപ്പത്തില്‍ ഭാരതം ചീനനെ വെട്ടൂന്നാ.'

'നാമൊന്ന് നമുക്കൊന്ന് എന്നല്ലേ തമ്പ്രാ.പിന്നെങ്ങനാ പെരുക്കണേ.'

'ഹയ്‌,അതൊക്കെയങ്ങട്‌ താളത്തില്‍ ചൊല്ലാന്‍ കൊള്ളാം.ഇത്‌ ചൊല്യ നിനക്കെത്ര്യാ സന്താനപ്പട.'

'അത്‌ പിന്നെ തമ്പ്രാ,രാത്രിയായാല്‍ എന്ത്‌ ചൊല്ലലും മുദ്രാവാക്യോം തമ്പ്രാ.എല്ലാം എടുപിടീന്നായിരിക്കും.'

'ഏഭ്യന്‍,വഷളന്‍.നിന്ന്യേക്കെ മാത്രം പറഞ്ഞിട്ട്‌ കാര്യായില്ല്യല്ലോ..നാട്‌ ഭരിക്കണോര്‍ക്ക്‌ തന്നെ പത്തും പന്ത്രണ്ടുമാ.'

'അതാര്‍ക്ക്‌ തമ്പ്രാ.'

'ഭാരതദേശം മൊത്തമങ്ങട്‌ എടുത്ത്‌ നോക്ക്യാ,ബീഹാരദേശാ കേമം.ജനിച്ചോടനേ കാക്ക കൊണ്ടൊണതിലും അവറ്റ തന്ന്യാ കേമം.എന്നാച്ചാലും ഒരു വീട്ടിലങ്ങട്‌ പത്തും പന്ത്രണ്ടും ഇണ്ടാവേം ചെയ്യും.'

'ബീഹാരത്തെ നേതാവിനാണോ തമ്പ്രാ എണ്ണിയാല്‍ തീരാത്തത്‌ ഒള്ളത്‌.'

'പിന്നല്ല്യാതെ.നമ്മടെ പൊകവണ്ടി വകുപ്പ്‌ നോക്കണ വിദ്വാന്‍ അവിടുന്നല്ല്യേ വരവ്‌.അവടം അവറ്റ ഒരുക്കാക്കി.പശൂന്‌ കൊടുക്കണ വൈക്കോല്‍ വരെ കട്ടങ്ങട്‌ മുടിച്ചു.കക്കാതിരിക്ക്യണത്‌ എങ്ങന്യാ.പത്തിന്‌ മോളിലല്ല്യേ സന്താനങ്ങളടെ എണ്ണം.എല്ലാറ്റിനും വിഴുങ്ങാന്‍ കൊടുക്കാതിരിക്ക്യാന്‍ പറ്റില്ല്യാല്ലോ.'

'കട്ടുമുടിക്കല്‍ തന്നെയാല്ലേ അവര്‍ക്ക്‌ പണി.'

'ഏയ്‌,അങ്ങനെ ‌പറ്യരുത്‌.
അങ്ങനെ പറഞ്ഞ്‌ അവറ്റേ അങ്ങട്‌ കൊച്ചാക്കരുത്‌.
അവറ്റേടെ പ്രധാന വിനോധം എന്താച്ചാല്‍, ഉണ്ണ്വാ ഒറങ്ങ്വാ ഉണ്ണികളെ ഉണ്ടാക്ക്വാ.
മനസ്ലായോ രാമാ.'

Tuesday, October 2, 2007

സര്‍ട്ടീറ്റ്‌

'രാമാ,നീയിത്‌ കേട്ടില്ല്യാന്നുണ്ടോ.'

'എന്താ തമ്പ്രാ.'

'നമ്മടെ ജോസപ്പന്‍ വീണ്ടും മന്ത്ര്യാവാനുള്ള സാധ്യത ഇല്യാതില്ല്യാന്ന്.'

'ശരിയാണോ തമ്പ്രാ.ആ തിരുമാലീടെ ഒരു ഭാഗ്യം.'

'ഒരു നിബന്ധന വയ്ക്കാച്ചാല്‍ ഒരു രസോങ്ങട്‌ ആയേനേ.'

'എന്ത്‌ നിബന്ധന തമ്പ്രാ.'

'കൈ രണ്ടുമങ്ങട്‌ പുറകില്‍ കൂച്ചിക്കെട്ടീട്ടേ യാത്ര തരാക്കാവൂ എന്നൊരു നിബന്ധന.'

'എങ്കില്‍ കാലും കെട്ടണം തമ്പ്രാ.'

'ശര്യാ.വല്ലഭനാച്ചാല്‍ കിട്ടണതെന്തും ആയുധം എന്നല്ല്യേ.'

'ആ നീലനിപ്പോ എവിടെയാ തമ്പ്രാ.'

'അറിയില്യാല്ലോ രാമാ.എന്നാച്ചാലും ഒരു കാര്യോങ്ങട്‌ നോം ഉറപ്പിച്ചങ്ങട്‌ പറ്യാ.അദ്യത്തിന്‌ സാധാ ജനങ്ങളെയങ്ങട്‌ നോട്ടില്ല്യാ.ഉദ്യോഗസ്ഥകള്‍ മതി.അതും ഐ.എ.എസ്‌ ധാരിണികളെ.'

'ഐ.പി.എസ്സുകാരേം നോട്ടോണ്ടാര്‍ന്നോ പുള്ളിക്ക്‌.'

'അതിനിമ്മിണ്ണി പുളിക്ക്യും.പഴ്യേ നേതാവല്ല്യേ.അതോണ്ട്‌ കാക്കിക്കാരടെ ഈര്‍ക്കിലി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ടാവില്ല്യേ.പിന്നെയാ വഴി പൂവ്വോ.'

'നമ്മടെ കുഞ്ഞാലി സാഹിബ്‌ ഇപ്പോ എന്താ ചെയ്യണേ തമ്പ്രാ.'

'അയാള്‍ക്ക്‌ പറ്റിയ അബദ്ധോല്ല്യേ അബദ്ധം.കൂടിയാലൊരു രണ്ടായിരം ചില്വാനം ചെലവങ്ങട്‌ വരണ നേരമ്പോക്കിന്‌,സാഹിബ്ബിന്റെ എത്ര ചില്ലറ്യാ അങ്ങട്‌ തകര്‍ന്നേ.വീട്‌,കാറ്‌,മാപ്ല അങ്ങന്യങ്ങന്യെ എന്തൊക്കെ ത്യാഗാ സാഹിബ്‌ സഹിച്ചേ ആ നത്തോലിക്ക്‌ വേണ്ടി.'

'തമ്പ്രാനും സൂക്ഷിച്ചോ തമ്പ്രാ.'

'ഉവ്വുവ്വേ,സര്‍ട്ടിറ്റില്ല്യാത്ത ഒരു പങ്കപ്പാടിനും ഞാന്‍ നിക്കില്ല്യാ രാമാ.'

'സര്‍ട്ടിറ്റോ,അതെന്താ തമ്പ്രാ.'

'പ്രായം തെകഞ്ഞൂന്നുള്ള സര്‍ട്ടീറ്റേ.അതങ്ങട്‌ വായിച്ച്‌ ബോധ്യാക്കാതെ ഞാനൊരു നേരമ്പോക്കിനുമില്ല്യാ രാമാ.'

'കള്ള സര്‍ട്ടീറ്റാണെങ്കിലോ തമ്പ്രാ.'

'ശര്യാ.ഇവറ്റേലും വ്യാജനങ്ങട്‌ കാണൂന്ന് ഓര്‍ത്തില്ല്യാ നോം.സമാധാനായിട്ട്‌ ഒരു നേരമ്പോക്കും പറ്റില്ല്യാന്നായല്ലോയെന്റെ ശിവനേ.'

Monday, October 1, 2007

നായകര്‍

'രാമാ,ദാ പിന്നേമാ മഞ്ഞക്കാര്‍ കൊച്ചീല്‍.നീയത്‌ അറിഞ്ഞില്യാന്നുണ്ടോ.'

'ആര്‌ തമ്പ്രാ,വെള്ളാപ്പള്ളീം കൂട്ടരുമാണോ.'

'ശുംഭാ,ഭാരതോം ആസ്ത്രേല്യേം കൂട്യുള്ള ഒറ്റദിന പോട്ടീടെ കാര്യാ നോം ഉദ്ദേശിച്ചേ.'

'നമ്മുടെ ശാന്തന്‍ ചെക്കന്‍ ഇല്ലേ തമ്പ്രാ.'

'പിന്നെ ഇല്ല്യാതെ.അയാളെ നോട്ടപ്പുള്ളിയാക്കീത്രേ മഞ്ഞക്കാരടെ തലവന്‍.'

'എങ്കില്‍ ആ ചെക്കന്റെ വായിലിരിക്കണ തെറീം അയാള്‌ കേക്കും.ഒരു തരം മിശിറാ ആ ചെക്കന്‍.'

'ഇരുപതേ ഇരുപതില്‍ നമ്മുടെ ദേശം ജയിച്ചത്‌ അത്ര വല്യ കാര്യോന്നുമല്ല്യാന്നാണ്‌ മഞ്ഞക്കാരടെ നായകന്‍ പറ്യണേ.'

'അതെന്താ തമ്പ്രാ.'

'ഒന്നൂല്യാടാ.ചുമ്മാ നാവു കൊണ്ടുള്ള കളി.ശരിക്കൂള്ള കളിക്ക്‌ മുന്‍പേ നാവാലുള്ളോരു കളി ഒരു രസാത്രേ വെള്ളക്കാര്‍ക്ക്‌.'

'നമ്മുടെ നായകന്‍ തിരിച്ചൊന്നും പറഞ്ഞില്ലേ.'

'കളി മൈതാനത്ത്‌.അല്ല്യാതെ മൈക്കിന്റെ മുന്‍പിലല്ല്യായെന്ന് പറഞ്ഞൂ ആ ജാര്‍ക്കണ്ടിലെ ചെക്കന്‍.'

'കുറച്ച്‌ കൂടി പറയാരുന്നൂ.'

'ഉം ശര്യാ.ഉരുപായം ഇണ്ടാര്‍ന്നൂ.'

'എന്ത്‌ ഉപായം തമ്പ്രാ.'

'അടുത്ത പരമ്പര മുതല്‍ ഭാരതത്തിന്‌ രണ്ട്‌ നായകന്മാരെ അങ്ങട്‌ നിശ്ചയിക്ക്യാ.ഒരാള്‍ കളത്തിലും മറ്റേയാള്‍ കളത്തിന്‌ പുറത്തും.

'മനസ്സിലായില്ല തമ്പ്രാ.'

'ടാ വിഡീ,ജാര്‍ക്കണ്ട്‌ ചെക്കന്‍ കളിക്കളത്തില്‍ അങ്ങട്‌ നയിക്കും.പുറത്തുള്ള വാക്‌ പയറ്റില്‍
വേറാള്‍ നയിക്കും.'

'പുറത്തേക്ക്‌ പറ്റിയത്‌ ആരാ തമ്പ്രാ.'

'സംശ്യോണ്ടോ.നമ്മുടെ കേരളത്തീന്നുള്ള ഏതേലും നേതാവായിരിക്ക്യും നയിക്ക്യാ.പത്രസമ്മേളനത്തില്‍ അവറ്റേ വെട്ടാന്‍ വേറാരുണ്ട്‌ ഈ ഭൂമുഖത്ത്‌.'

'ശര്യാ തമ്പ്രാ.പോടാ നാറീ,പോഴാ,നായേ എന്നൊക്കെ മറുപടി കൊടുത്താല്‍ മഞ്ഞക്കാരടെ നായകനല്ലാ അമേരിക്കേടെ നായകന്‍ വരെ ഒതുങ്ങും.'

'ഭേഷ്‌,നിനക്കങ്ങട്‌ കാര്യങ്ങള്‍ മനസ്ലായിത്തൊടങ്ങി.'

Friday, September 28, 2007

കായശക്തി

'രാമാ,നീയിത്‌ കാണുകയിണ്ടായോ.'

'എന്താ താമ്പ്രാ.'

'യീ പത്രേ.ഇതിലെ ഒരു വാര്‍ത്ത നീ കാണുകയിണ്ടായോ എന്നാ ചോദ്യം.'

'ഇല്ലല്ലോ തമ്പ്രാ.'

'ഹയ്‌,നോമതങ്ങ്‌ മറന്നു.നിനക്ക്‌ വായിക്കാന്‍ അറിയില്ല്യായെന്ന കാര്യം നോം ഓര്‍ത്തില്ല്യാ.'

'എന്താ വാര്‍ത്ത തമ്പ്രാ.'

'നമ്മുടെ സോണിയേടെ കൊച്ചന്‍ സിക്രട്ടറി ആയീന്ന്.ആയീതല്ല്യാ.ആ മൊട്ട വിരിയാത്ത ചെക്കനെ പിടിച്ചങ്ങട്‌ ആക്കീതാ ആ ആത്തേരമ്മ.'

'അത്‌ നല്ലതല്ലേ തമ്പ്രാ.'

'പിന്നേ,വളരെ നല്ലതാ.കഴിഞ്ഞ വോട്ട്‌ കുത്തിമറിക്കലില്‍ ഉത്തരദേശത്തിന്റെ ചുമതല ആ ചെക്കനല്ലായിരുന്നോ.എന്നിട്ടെന്തായിന്ന് രാമന്‌ വല്ല നിശ്ചയോണ്ടോ.'

'എന്തായി തമ്പ്രാ.'

'ഉത്തരദേശം അങ്ങട്‌ മൊത്തം ആനപ്പൊറത്ത്‌ വന്ന മഹതി വിഴുങ്ങി.'

'ഹോ,ഗാന്ധികുടുംബത്തിന്‌ ഇങ്ങനെ ഒരു ഗതികേട്‌ വന്നല്ലോ.'

'ഭ്‌ഫാ ഏഭ്യാ,ഗാന്ധ്യാ.തലക്ക്യിട്ട്‌ ഒരു ഞൊട്ട്‌ അങ്ങട്‌ തരും ഞാന്‍.ടാ ശപ്പാ,ഗണ്ടികള്‍ എങ്ങന്യാ ഗാന്ധ്യാവണത്‌.'

'ഗണ്ടികളോ.'

'പിന്നല്ല്യേ.മദാമ്മേടേ അമ്മായിപ്പന്‍ ഗണ്ടിയല്ല്യേ.ഫിറോസ്‌ ഗണ്ടി.അതങ്ങട്‌ ഒതുക്കത്തില്‍ ഗാന്ധിയാക്കീതല്ല്യേ ഇവറ്റ.'

'ശ്ശെന്റെ ശിവനേ.'

'ഈ കാണ്‍ഗ്രസ്സുകാരടെ ഒരു കാര്യാ കഷ്ടം.പണ്ടാരോ പറഞ്ഞ മാതിരി, നെഹ്രു കുടുമ്പത്തിലെ പേറ്‌ നിന്നങ്ങട്‌ പോവാച്ചാല്‍ ഈ കാണ്‍ഗ്രസ്സ്‌ അങ്ങട്‌ പൂട്ടും.തമ്മിലടിച്ച്‌ ചാവും അവറ്റ.പക്ഷേ അടുത്തോരു തലമുറ വരെ പ്രശ്നമില്യാ.എന്താന്നു വച്ചാ,പ്രിയങ്ക പെറ്റു.അല്ലാച്ചാല്‍ രാഹുലന്‍ തന്റെ കായശക്തി തെളിയിക്കണത്‌ വരെ കാണ്‍ഗ്രസ്സുകാര്‍ക്ക്‌ ആധ്യായിരിക്കും.'

'എന്നാ ഞാനങ്ങട്‌ പൊയ്ക്കോട്ടെ തമ്പ്രാ.തെക്കേപ്പാടം കിളച്ചോണ്ടിരിക്കാണ്‌ ഞാന്‍.'

'ഉവ്വോ,എന്നാ അങ്ങട്‌ പൊയ്ക്കോളൂ.നോമും പുവ്വായി.നമ്മുടെ കായശക്തിക്കും വല്ല അനക്കോം തട്ടീട്ടുണ്ടോയെന്ന് നോമും ഒന്നങ്ങട്‌ നോക്കട്ടെ.
ഉണീരിക്കുട്ടീ,നീ അകത്തില്ല്യേ,നോം അങ്ങട്‌ വരുകായി.'

Thursday, September 27, 2007

ശുഭസ്യ ശീഘ്രം

'രാമാ,നീയിത്‌ എവിട്യാ.നിന്നെയൊരു കൂട്ടം ഏല്‍പ്പിച്ച്യിട്ട്‌ എത്ര നാളായി.'

'അത്‌ തമ്പ്രാ,തിരൂരങ്ങാടീലില്ലാ.പിന്നെ ഞാന്‍ വടക്കോട്ട്‌ പോയിപ്പോയി മംഗലാപുരം വരെ പോയി നോക്കി.എന്നിട്ടും കിട്ടീല്ല.'

'ഏഭ്യന്‍,ഒരു കാര്യം അങ്ങട്‌ നടത്താന്‍ കഴിവില്ല്യാച്ചാല്‍ നിന്നെയൊക്കെ നോം എന്തിനാ തീറ്റിപ്പോറ്റണേ.'

'ഞാന്‍ എന്താ ചെയ്യാ തമ്പ്രാ.ഒറ്റ അങ്ങാടീലും ഈ ആഗ്രാമരുന്ന് എന്ന് പറയണ സാധനമില്ല.സകല പച്ചമരുന്ന് കടേലും ഞാന്‍ തിരക്കി.ഇനീം വടക്കോട്ട്‌ പോയാല്‍ ചിലപ്പോ..'

'രാമന്‍ അങ്ങനെ അധികം വടക്കോട്ട്‌ പോണോന്നില്ല്യാ.
ഇനി അമ്മാളുക്കുട്ടീടെ മുന്‍പില്‍ നോം എന്തു ചെയ്യുമെന്റെ ശിവനേ.'

'അങ്ങ്‌ വടക്ക്‌ ഞാന്‍ വേറൊരു സാധനം കണ്ടു.അതൊന്നു പരീക്ഷിച്ച്‌ നോക്കിയാലോ തമ്പ്രാ.'

'ഉവ്വോ.എന്ത്‌ പനീര്‍കുടുക്ക ആയാലും വേണ്ടില്യാ,നമുക്ക്‌ അമ്മാളുക്കുട്ട്യാ വലുത്‌.പറയട ശപ്പാ,നീയെന്താ കണ്ടേ.'

'ബ്ലോഗ്‌.ബ്ലോഗെന്നാ പേര്‌.വടക്കുള്ളോരൊക്കെ ഇപ്പൊ അതാത്രെ ഉപയോഗിക്കണത്‌.'

'ബ്ലോഗോ.അതെന്താ കുന്തം.'

'അതല്ലേ സാധനം.നല്ല വഴുവഴാന്നിരിക്കും.പിടിച്ചാലൊട്ട്‌ കിട്ടേയില്ല.കിട്ടിയാലൊട്ട്‌ വിടേയില്ല.'

'രാമാ,ഈ മരുന്ന് അകത്തേക്കുള്ളതോ,പുറത്തേക്കുള്ളതോ.'

'അകത്തേക്ക്‌ ചെന്നാ പിന്നെയിത്‌ പുറത്തേക്ക്‌ വരില്ല.അതായീ മരുന്നിന്റെ പ്രത്യേകത.'

'ഇത്‌ കൊണ്ട്‌ നമുക്കെന്തൊക്കെയാ പ്രയോജനം രാമാ.'

'ഹയ്‌,തമ്പ്രാന്‌ കഥയെഴുതിക്കൂടെ ഇതിനകത്ത്‌.'

'കഥയോ,നോമോ.ഇത്‌ നല്ല കഥ.എനിക്ക്‌ കഥയൊന്നും അറിയില്ല്യാലോ രാമാ.'

'ജീവിതത്തില്‍ നിന്നുള്ള കഥയെഴുതിക്കൂടെ തമ്പ്രാ.'

'ഏഭ്യാ,ജീവിതമെങ്ങന്യാ കഥ ആവ്വാ.ഈ കഥയെങ്ങന്യാ ജീവിതമാവ്വാ.ഇതിന്റെ രണ്ടിന്റേം ഇടക്ക്‌ നിന്ന് എഴുത്വാന്ന് വച്ചാല്‍,ഇടയില്‍ പെട്ട്‌ ഞെരുങ്ങി പോവില്യേ നോം.ശരീരം വേദനിക്കില്യേ.'

'ആ വേദനയല്ലേ തമ്പ്രാ,എഴുത്തുകാരന്റെ വേദന എന്ന് പറയണത്‌.'

'ഉവ്വോ.എന്നാലും വേണ്ട.വേദന അസാരം സഹിക്കാച്ചാല്‍ അത്‌ ഇശ്ശി കഷ്ടാണേ.'

'പിന്നെയെന്താ ചെയ്യാ തമ്പ്രാ.'

'കവിതെയങ്ങട്‌ പൂശ്യാലോ.'

'കവിതെ പൂശാനോ.'

'ഏഭ്യന്‍,വഷളന്‍.തിന്നുക പൂശുക,പിന്നേം തിന്നുക,പിന്നേം പൂശുക.ഈയൊരു വിചാരേ ഉള്ളൂല്ലേ നിനക്ക്‌.എട വിഡ്ഡീ,നോം കവിത ഒരെണ്ണം അങ്ങട്‌ എഴുത്യാലോ എന്നാ നിരീച്ചത്‌.'

'അതിന്‌ തമ്പ്രാന്‌ കവിത വരുവോ.'

'അതുമൊരു സത്യാ.ഈയിടെയായി വരവിത്തിരി കുറവാ.
വേണ്ട,അല്ല്യേലും ഈ കവിതയെന്ന സാധനം കുളിക്കേയില്ല്യ നനക്കേയില്ല്യ.വൃത്തികെട്ട വര്‍ഗ്ഗം.നമുക്കൊട്ട്‌ മനസ്സിലാവേയില്ല്യ.'

'എങ്കില്‍ പിന്നെ അനുഭവക്കുറിപ്പുകള്‍ ആയാലോ.'

'കുശ്മാണ്ടാ,നമ്മുടെ അനുഭവങ്ങളൊക്കെ പുറത്ത്‌ പറയ്യേ.നല്ല കാര്യായി.പിന്നെ അമ്മുക്കുട്ടീം നാരായണീമൊക്കെ അടുപ്പിക്കോ.'

'വേണ്ട വേണ്ട.അനുഭവത്തെക്കുറിച്ച്‌ ചിന്തിക്ക പോലും വേണ്ട.'

'പിന്നെയെന്താ രാമാ ചെയ്യാ.'

'തമ്പ്രാ,ലേഖനം അങ്ങട്‌ തട്ടിയാലോ.'

'ലേഖനോ,അതെന്താ രാമാ സാധനം.'

'ലേഖനമെന്നു പറഞ്ഞാ,അങ്ങനെ പ്രത്യേകിച്ച്‌ പറയാനൊന്നുമില്ല.ലോകത്തെ എന്തിനെക്കുറിച്ചും നമുക്ക്‌ ലേഖനം എഴുതാം.എങ്ങനേം എഴുതാം.ആരെങ്കിലും ചോദിച്ചാല്‍,ഇതെന്റെ കാഴ്ചപ്പാടാണെന്ന് പറഞ്ഞാല്‍ മതി.'

'നോമിപ്പോ എന്തിനെക്കുറിച്ച്വാ രാമാ എഴുത്വാ'

'ക്ഷേത്രവിളംബരത്തെക്കുറിച്ചായാലോ തമ്പ്രാ.'

'വിളംബരോ,അതെന്ത്‌ സേവേണ്‌ രാമാ.'

'തമ്പ്രാനെന്ത്‌ തമ്പ്രാനാണ്‌ തമ്പ്രാ.പണ്ട്‌ രാജാവ്‌ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ കേറാന്ന് വിധിച്ചില്ലേ.അതല്ലേ വിളംബരം.'

'ഉവ്വോ,അങ്ങനെയൊരു സംഭവം ഉണ്ടായോ.കൊള്ളാലോ.എങ്കില്‍ പിന്നെ അതു തന്നെ കാച്ചാം.നല്ല സുന്ദരികള്‍ അന്നു മുതല്‍ അമ്പലത്തില്‍ വന്നു തുടങ്ങിയെന്നും പറഞ്ഞ്‌ നോം അങ്ങട്‌ എഴുതിത്തുടങ്ങട്ടെ.'

'എന്റെ ശിവനേ.എന്തു പറഞ്ഞാലും അവസാനം സുന്ദരികളില്‍ എത്തിനില്‍ക്കും.വേണ്ട,ലേഖനോം വേണ്ടൊരു കുന്തോം വേണ്ട.'

'നമ്മെ ഇങ്ങനെ നിരാശപ്പെടുത്തരുത്‌ രാമാ.നീ തന്നെ പറയ്യ,നോമിനി എന്താ ചെയ്യണ്ടേ.'

'ശാസ്ത്രത്തില്‍ ഒരു കൈ നോക്കിയാലോ തമ്പ്രാ.'

'ഭേഷ്‌,ഭേഷ്‌.ശാസ്ത്രം കൊള്ളാം.നമുക്കാവുമ്പോ ശാസ്ത്രം വഴങ്ങേം ചെയ്യും.ഉണ്ണീരികുട്ടീടെ കൈ നോക്കി നോം രേഖാശാസ്ത്രം പറഞ്ഞിട്ട്‌ രണ്ടീസം തികച്ചായില്ല്യാ.'

'തമ്പ്രാന്‍ എന്നെയങ്ങട്‌ കൊല്ല്.ഇനി കണ്ണില്‍ക്കണ്ട സംബന്ധങ്ങളുടെ കൈനോക്കിയ കാര്യം പറഞ്ഞാല്‍ ഞാന്‍ ഇട്ടിട്ട്‌ പോകും.'

'ശ്ശൊ.ഇതിപ്പൊ ഇല്ലത്തൂന്ന് ഇറങ്ങേം ചെയ്തു,നാരായണീടവിടെ കേറീതുമില്യാ,അമ്മുക്കുട്ടീടെ വീട്‌ കഴിഞ്ഞും പോയി,ജാനൂന്റവിടെ കേറ്റീതുമില്യാ,അമ്മാത്തൊട്ട്‌ എത്തീതുമില്ല്യായെന്ന് പറഞ്ഞപോലെയായല്ലോ നമ്മുടെ കഥ.'

'തമ്പ്രാന്‍ വിഷമിക്കണ്ട.വേറെം ചില സാധനങ്ങളൊണ്ട്‌.'

'ഉവ്വോ,സമാധാനായി.എന്താട ശപ്പാ ഈ വേറെ സാധനങ്ങള്‍.നീയൊന്നും വേഗം അങ്ങട്‌ പറയ്യാ.'

'ഓര്‍ക്കുട്ട്‌.അതും വേണോത്രെ ഇതിന്റെയൊപ്പം.ചാറ്റും മെയിലും കൂടിയുണ്ടേല്‍ പെരുത്ത്‌ രസം.ഇതെല്ലാം ഒരമ്മ പെറ്റ മക്കാളാണെന്നാ ചില മഹാന്മാര്‍ പറയണേ.ഓര്‍ക്കുട്ടില്‍ വെള്ളം ഇറങ്ങിയാല്‍ ബ്ലോഗിലും ഇറങ്ങൂത്രേ.'

'ഉവ്വോ,ഈ ഓര്‍ക്കുട്ട്‌ കൊണ്ട്‌ എന്താ രാമാ ഗുണം.'

'ബന്ധങ്ങളിണ്ടാക്കാന്‍ പറ്റൂത്രേ ഓര്‍ക്കുട്ടില്‍.'

'ഉവ്വോ,ബലേഭേഷ്‌.എങ്കില്‍ ആദ്യം ഓര്‍ക്കുട്ട്‌ അങ്ങട്‌ വാങ്ങ്വാ.ബ്ലോഗ്‌ പിന്നെ വാങ്ങിയാല്‍ മതി.നാല്‌ ബന്ധം അങ്ങട്‌ സ്ഥാപിക്കട്ടെ നോം.'

'രഹസ്യ ബന്ധങ്ങളൊക്കെ പരസ്യാക്കണത്‌ ഇപ്പോ ചിലര്‍ക്ക്‌ ഒരു നേരമ്പോക്കാത്രേ.അതുകൊണ്ട്‌ തമ്പ്രാന്‍ സൂക്ഷിക്കണം.'

'അതൊക്കെ വൃത്തികേടല്ല്യേ.അവിടെ പറയണത്‌ ഇവിടെ പറയ്യാ,ഇവിടെ പറ്യണത്‌ അവിടെ പറ്യാ.ഇതൊക്കെ കൊണ്ട്‌ അവറ്റക്ക്‌ എന്താ നേട്ടം.'

'ബ്ലോഗില്‍ പറയണത്‌ ഓര്‍ക്കുട്ടില്‍ പറ്യാ,ഓര്‍ക്കുട്ടില്‍ പറ്യണത്‌ ബ്ലോഗില്‍ വിളംബുക,മെയിലയച്ച്‌ കളിക്ക്യാ.അതും ഒരു രസം.പരസ്യാക്കല്‍ ഒരു നിര്‍വൃതി തരൂന്നാ പഴേ ആള്‍ക്കാര്‍ പറയണേ.'

'ഉവ്വോ,എവിടെ പരസ്യാക്കൂന്നാ പറയണേ.നാട്ടിലോ,അതോ വീട്ടിലോ.പൂവാന്‍ പറ അവറ്റയോട്‌.'

'എങ്കില്‍ പിന്നെ അങ്ങട്‌ തുടങ്ങിയാലോ തമ്പ്രാ.'

'പിന്നെന്താ,നോം തീരുമാനിച്ച്‌ കഴിഞ്ഞു.രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി പിന്മാറ്റൊള്ളൂ.നീയൊരു നാല്‌ ഓര്‍ക്കുട്ടും ഒരഞ്ച്‌ ബ്ലോഗും ഇങ്ങട്‌ വാങ്ങിച്ചോ.തെക്കേപ്പറമ്പിലെ നാളികേരം വിറ്റ കാശില്യേ നിന്റെ കയ്യില്‍.അതങ്ങട്‌ മുഴുവന്‍ ചിലവാക്കിക്കോ.'

'ശരി തമ്പ്രാ.തമ്പ്രാന്മാര്‍ക്ക്‌ എന്തും ചെയ്യാല്ലോ.'

'സത്യം.നീയിപ്പഴാ ഒരു സത്യം പറഞ്ഞേ.ഞങ്ങള്‍ തമ്പ്രാന്മാര്‍ പലതും ചെയ്യും.അത്‌ കണ്ട്‌ നീയൊന്നും അസൂയപ്പെട്ടിട്ട്‌ ഒരു കാര്യോമില്ലെട ശപ്പാ.'

'ശുഭസ്യ ശീഘ്രം'

[ശീഘ്രമത്ര സുഖോള്ള ഏര്‍പ്പാടല്ല്യാ...ഉവ്വോ]