Thursday, September 27, 2007

ശുഭസ്യ ശീഘ്രം

'രാമാ,നീയിത്‌ എവിട്യാ.നിന്നെയൊരു കൂട്ടം ഏല്‍പ്പിച്ച്യിട്ട്‌ എത്ര നാളായി.'

'അത്‌ തമ്പ്രാ,തിരൂരങ്ങാടീലില്ലാ.പിന്നെ ഞാന്‍ വടക്കോട്ട്‌ പോയിപ്പോയി മംഗലാപുരം വരെ പോയി നോക്കി.എന്നിട്ടും കിട്ടീല്ല.'

'ഏഭ്യന്‍,ഒരു കാര്യം അങ്ങട്‌ നടത്താന്‍ കഴിവില്ല്യാച്ചാല്‍ നിന്നെയൊക്കെ നോം എന്തിനാ തീറ്റിപ്പോറ്റണേ.'

'ഞാന്‍ എന്താ ചെയ്യാ തമ്പ്രാ.ഒറ്റ അങ്ങാടീലും ഈ ആഗ്രാമരുന്ന് എന്ന് പറയണ സാധനമില്ല.സകല പച്ചമരുന്ന് കടേലും ഞാന്‍ തിരക്കി.ഇനീം വടക്കോട്ട്‌ പോയാല്‍ ചിലപ്പോ..'

'രാമന്‍ അങ്ങനെ അധികം വടക്കോട്ട്‌ പോണോന്നില്ല്യാ.
ഇനി അമ്മാളുക്കുട്ടീടെ മുന്‍പില്‍ നോം എന്തു ചെയ്യുമെന്റെ ശിവനേ.'

'അങ്ങ്‌ വടക്ക്‌ ഞാന്‍ വേറൊരു സാധനം കണ്ടു.അതൊന്നു പരീക്ഷിച്ച്‌ നോക്കിയാലോ തമ്പ്രാ.'

'ഉവ്വോ.എന്ത്‌ പനീര്‍കുടുക്ക ആയാലും വേണ്ടില്യാ,നമുക്ക്‌ അമ്മാളുക്കുട്ട്യാ വലുത്‌.പറയട ശപ്പാ,നീയെന്താ കണ്ടേ.'

'ബ്ലോഗ്‌.ബ്ലോഗെന്നാ പേര്‌.വടക്കുള്ളോരൊക്കെ ഇപ്പൊ അതാത്രെ ഉപയോഗിക്കണത്‌.'

'ബ്ലോഗോ.അതെന്താ കുന്തം.'

'അതല്ലേ സാധനം.നല്ല വഴുവഴാന്നിരിക്കും.പിടിച്ചാലൊട്ട്‌ കിട്ടേയില്ല.കിട്ടിയാലൊട്ട്‌ വിടേയില്ല.'

'രാമാ,ഈ മരുന്ന് അകത്തേക്കുള്ളതോ,പുറത്തേക്കുള്ളതോ.'

'അകത്തേക്ക്‌ ചെന്നാ പിന്നെയിത്‌ പുറത്തേക്ക്‌ വരില്ല.അതായീ മരുന്നിന്റെ പ്രത്യേകത.'

'ഇത്‌ കൊണ്ട്‌ നമുക്കെന്തൊക്കെയാ പ്രയോജനം രാമാ.'

'ഹയ്‌,തമ്പ്രാന്‌ കഥയെഴുതിക്കൂടെ ഇതിനകത്ത്‌.'

'കഥയോ,നോമോ.ഇത്‌ നല്ല കഥ.എനിക്ക്‌ കഥയൊന്നും അറിയില്ല്യാലോ രാമാ.'

'ജീവിതത്തില്‍ നിന്നുള്ള കഥയെഴുതിക്കൂടെ തമ്പ്രാ.'

'ഏഭ്യാ,ജീവിതമെങ്ങന്യാ കഥ ആവ്വാ.ഈ കഥയെങ്ങന്യാ ജീവിതമാവ്വാ.ഇതിന്റെ രണ്ടിന്റേം ഇടക്ക്‌ നിന്ന് എഴുത്വാന്ന് വച്ചാല്‍,ഇടയില്‍ പെട്ട്‌ ഞെരുങ്ങി പോവില്യേ നോം.ശരീരം വേദനിക്കില്യേ.'

'ആ വേദനയല്ലേ തമ്പ്രാ,എഴുത്തുകാരന്റെ വേദന എന്ന് പറയണത്‌.'

'ഉവ്വോ.എന്നാലും വേണ്ട.വേദന അസാരം സഹിക്കാച്ചാല്‍ അത്‌ ഇശ്ശി കഷ്ടാണേ.'

'പിന്നെയെന്താ ചെയ്യാ തമ്പ്രാ.'

'കവിതെയങ്ങട്‌ പൂശ്യാലോ.'

'കവിതെ പൂശാനോ.'

'ഏഭ്യന്‍,വഷളന്‍.തിന്നുക പൂശുക,പിന്നേം തിന്നുക,പിന്നേം പൂശുക.ഈയൊരു വിചാരേ ഉള്ളൂല്ലേ നിനക്ക്‌.എട വിഡ്ഡീ,നോം കവിത ഒരെണ്ണം അങ്ങട്‌ എഴുത്യാലോ എന്നാ നിരീച്ചത്‌.'

'അതിന്‌ തമ്പ്രാന്‌ കവിത വരുവോ.'

'അതുമൊരു സത്യാ.ഈയിടെയായി വരവിത്തിരി കുറവാ.
വേണ്ട,അല്ല്യേലും ഈ കവിതയെന്ന സാധനം കുളിക്കേയില്ല്യ നനക്കേയില്ല്യ.വൃത്തികെട്ട വര്‍ഗ്ഗം.നമുക്കൊട്ട്‌ മനസ്സിലാവേയില്ല്യ.'

'എങ്കില്‍ പിന്നെ അനുഭവക്കുറിപ്പുകള്‍ ആയാലോ.'

'കുശ്മാണ്ടാ,നമ്മുടെ അനുഭവങ്ങളൊക്കെ പുറത്ത്‌ പറയ്യേ.നല്ല കാര്യായി.പിന്നെ അമ്മുക്കുട്ടീം നാരായണീമൊക്കെ അടുപ്പിക്കോ.'

'വേണ്ട വേണ്ട.അനുഭവത്തെക്കുറിച്ച്‌ ചിന്തിക്ക പോലും വേണ്ട.'

'പിന്നെയെന്താ രാമാ ചെയ്യാ.'

'തമ്പ്രാ,ലേഖനം അങ്ങട്‌ തട്ടിയാലോ.'

'ലേഖനോ,അതെന്താ രാമാ സാധനം.'

'ലേഖനമെന്നു പറഞ്ഞാ,അങ്ങനെ പ്രത്യേകിച്ച്‌ പറയാനൊന്നുമില്ല.ലോകത്തെ എന്തിനെക്കുറിച്ചും നമുക്ക്‌ ലേഖനം എഴുതാം.എങ്ങനേം എഴുതാം.ആരെങ്കിലും ചോദിച്ചാല്‍,ഇതെന്റെ കാഴ്ചപ്പാടാണെന്ന് പറഞ്ഞാല്‍ മതി.'

'നോമിപ്പോ എന്തിനെക്കുറിച്ച്വാ രാമാ എഴുത്വാ'

'ക്ഷേത്രവിളംബരത്തെക്കുറിച്ചായാലോ തമ്പ്രാ.'

'വിളംബരോ,അതെന്ത്‌ സേവേണ്‌ രാമാ.'

'തമ്പ്രാനെന്ത്‌ തമ്പ്രാനാണ്‌ തമ്പ്രാ.പണ്ട്‌ രാജാവ്‌ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ കേറാന്ന് വിധിച്ചില്ലേ.അതല്ലേ വിളംബരം.'

'ഉവ്വോ,അങ്ങനെയൊരു സംഭവം ഉണ്ടായോ.കൊള്ളാലോ.എങ്കില്‍ പിന്നെ അതു തന്നെ കാച്ചാം.നല്ല സുന്ദരികള്‍ അന്നു മുതല്‍ അമ്പലത്തില്‍ വന്നു തുടങ്ങിയെന്നും പറഞ്ഞ്‌ നോം അങ്ങട്‌ എഴുതിത്തുടങ്ങട്ടെ.'

'എന്റെ ശിവനേ.എന്തു പറഞ്ഞാലും അവസാനം സുന്ദരികളില്‍ എത്തിനില്‍ക്കും.വേണ്ട,ലേഖനോം വേണ്ടൊരു കുന്തോം വേണ്ട.'

'നമ്മെ ഇങ്ങനെ നിരാശപ്പെടുത്തരുത്‌ രാമാ.നീ തന്നെ പറയ്യ,നോമിനി എന്താ ചെയ്യണ്ടേ.'

'ശാസ്ത്രത്തില്‍ ഒരു കൈ നോക്കിയാലോ തമ്പ്രാ.'

'ഭേഷ്‌,ഭേഷ്‌.ശാസ്ത്രം കൊള്ളാം.നമുക്കാവുമ്പോ ശാസ്ത്രം വഴങ്ങേം ചെയ്യും.ഉണ്ണീരികുട്ടീടെ കൈ നോക്കി നോം രേഖാശാസ്ത്രം പറഞ്ഞിട്ട്‌ രണ്ടീസം തികച്ചായില്ല്യാ.'

'തമ്പ്രാന്‍ എന്നെയങ്ങട്‌ കൊല്ല്.ഇനി കണ്ണില്‍ക്കണ്ട സംബന്ധങ്ങളുടെ കൈനോക്കിയ കാര്യം പറഞ്ഞാല്‍ ഞാന്‍ ഇട്ടിട്ട്‌ പോകും.'

'ശ്ശൊ.ഇതിപ്പൊ ഇല്ലത്തൂന്ന് ഇറങ്ങേം ചെയ്തു,നാരായണീടവിടെ കേറീതുമില്യാ,അമ്മുക്കുട്ടീടെ വീട്‌ കഴിഞ്ഞും പോയി,ജാനൂന്റവിടെ കേറ്റീതുമില്യാ,അമ്മാത്തൊട്ട്‌ എത്തീതുമില്ല്യായെന്ന് പറഞ്ഞപോലെയായല്ലോ നമ്മുടെ കഥ.'

'തമ്പ്രാന്‍ വിഷമിക്കണ്ട.വേറെം ചില സാധനങ്ങളൊണ്ട്‌.'

'ഉവ്വോ,സമാധാനായി.എന്താട ശപ്പാ ഈ വേറെ സാധനങ്ങള്‍.നീയൊന്നും വേഗം അങ്ങട്‌ പറയ്യാ.'

'ഓര്‍ക്കുട്ട്‌.അതും വേണോത്രെ ഇതിന്റെയൊപ്പം.ചാറ്റും മെയിലും കൂടിയുണ്ടേല്‍ പെരുത്ത്‌ രസം.ഇതെല്ലാം ഒരമ്മ പെറ്റ മക്കാളാണെന്നാ ചില മഹാന്മാര്‍ പറയണേ.ഓര്‍ക്കുട്ടില്‍ വെള്ളം ഇറങ്ങിയാല്‍ ബ്ലോഗിലും ഇറങ്ങൂത്രേ.'

'ഉവ്വോ,ഈ ഓര്‍ക്കുട്ട്‌ കൊണ്ട്‌ എന്താ രാമാ ഗുണം.'

'ബന്ധങ്ങളിണ്ടാക്കാന്‍ പറ്റൂത്രേ ഓര്‍ക്കുട്ടില്‍.'

'ഉവ്വോ,ബലേഭേഷ്‌.എങ്കില്‍ ആദ്യം ഓര്‍ക്കുട്ട്‌ അങ്ങട്‌ വാങ്ങ്വാ.ബ്ലോഗ്‌ പിന്നെ വാങ്ങിയാല്‍ മതി.നാല്‌ ബന്ധം അങ്ങട്‌ സ്ഥാപിക്കട്ടെ നോം.'

'രഹസ്യ ബന്ധങ്ങളൊക്കെ പരസ്യാക്കണത്‌ ഇപ്പോ ചിലര്‍ക്ക്‌ ഒരു നേരമ്പോക്കാത്രേ.അതുകൊണ്ട്‌ തമ്പ്രാന്‍ സൂക്ഷിക്കണം.'

'അതൊക്കെ വൃത്തികേടല്ല്യേ.അവിടെ പറയണത്‌ ഇവിടെ പറയ്യാ,ഇവിടെ പറ്യണത്‌ അവിടെ പറ്യാ.ഇതൊക്കെ കൊണ്ട്‌ അവറ്റക്ക്‌ എന്താ നേട്ടം.'

'ബ്ലോഗില്‍ പറയണത്‌ ഓര്‍ക്കുട്ടില്‍ പറ്യാ,ഓര്‍ക്കുട്ടില്‍ പറ്യണത്‌ ബ്ലോഗില്‍ വിളംബുക,മെയിലയച്ച്‌ കളിക്ക്യാ.അതും ഒരു രസം.പരസ്യാക്കല്‍ ഒരു നിര്‍വൃതി തരൂന്നാ പഴേ ആള്‍ക്കാര്‍ പറയണേ.'

'ഉവ്വോ,എവിടെ പരസ്യാക്കൂന്നാ പറയണേ.നാട്ടിലോ,അതോ വീട്ടിലോ.പൂവാന്‍ പറ അവറ്റയോട്‌.'

'എങ്കില്‍ പിന്നെ അങ്ങട്‌ തുടങ്ങിയാലോ തമ്പ്രാ.'

'പിന്നെന്താ,നോം തീരുമാനിച്ച്‌ കഴിഞ്ഞു.രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി പിന്മാറ്റൊള്ളൂ.നീയൊരു നാല്‌ ഓര്‍ക്കുട്ടും ഒരഞ്ച്‌ ബ്ലോഗും ഇങ്ങട്‌ വാങ്ങിച്ചോ.തെക്കേപ്പറമ്പിലെ നാളികേരം വിറ്റ കാശില്യേ നിന്റെ കയ്യില്‍.അതങ്ങട്‌ മുഴുവന്‍ ചിലവാക്കിക്കോ.'

'ശരി തമ്പ്രാ.തമ്പ്രാന്മാര്‍ക്ക്‌ എന്തും ചെയ്യാല്ലോ.'

'സത്യം.നീയിപ്പഴാ ഒരു സത്യം പറഞ്ഞേ.ഞങ്ങള്‍ തമ്പ്രാന്മാര്‍ പലതും ചെയ്യും.അത്‌ കണ്ട്‌ നീയൊന്നും അസൂയപ്പെട്ടിട്ട്‌ ഒരു കാര്യോമില്ലെട ശപ്പാ.'

'ശുഭസ്യ ശീഘ്രം'

[ശീഘ്രമത്ര സുഖോള്ള ഏര്‍പ്പാടല്ല്യാ...ഉവ്വോ]

9 comments:

നമ്പൂരി said...

തമ്പ്രാ,തമ്പ്രാനെന്ത്‌ തമ്പ്രാനാണ്‌ തമ്പ്രാ.

മൂര്‍ത്തി said...

ഭേഷായീട്ടോ....
ഒരു തേങ്ങയങ്ങ്ട് ഒടയ്ക്കട്ടെ....ഠേ...

സഹയാത്രികന്‍ said...

അപ്പൊ ഇന്യൊട്ടുങ്ങട്ട് വൈകിക്കണ്ടാ...
വേഗത്തിലോരോന്നായിട്ടിങ്ങ് പോന്നോട്ടെ... മൂര്‍ത്തി സാറു തേങ്ങയടി കര്‍മ്മങ്ങട്ട് കഴിച്ചിരിക്കണൂല്ല്യേ.... എന്നാ നോം ഒരു സ്വാഗതങ്ങട്ട് പറയാം... എന്താ...?

ആ... അപ്പൊ... തിരുമേനി സ്വാഗതണ്ട്...

എന്നാം നോം പോയിട്ട് പിന്നെ ഒരൂസം ഇങ്ങട്ടിറങ്ങാം.

:D

വേണു venu said...

തെക്കേപ്പറമ്പിലെ നാളികേരം വിറ്റ കാശില്യേ നിന്റെ കയ്യില്‍.അതങ്ങട്‌ മുഴുവന്‍ ചിലവാക്കിക്കോ.'
ഇനി അങ്ങോട്ടു തുടങ്ങൂ തമ്പ്രാ.:)

krish | കൃഷ് said...

ശുഭസ്യ ശീഘ്രം. അപ്പോ ആ മരുന്നങ്ങ്‌ട് മൂന്നു നേരോം മുടങ്ങാതെ കഴിക്ക്യാ.. നാരാണ്യേം അമ്മൂട്ട്യേം, ജാനൂന്യേം മനസ്സില്‍ നിരീക്ക്യേം വേണം.
(അല്ലാ, ഇതേതാ ഇവിടെ ഒരു പുത്യ നമ്പൂരി. പഴേ വല്ല തമ്പ്രാന്‍ വേഷം മാറി വന്നാതാണോ..)

ശ്രീ said...

നമ്പൂര്യേയ്... സ്വാഗതം.

“'ശ്ശൊ.ഇതിപ്പൊ ഇല്ലത്തൂന്ന് ഇറങ്ങേം ചെയ്തു,നാരായണീടവിടെ കേറീതുമില്യാ,അമ്മുക്കുട്ടീടെ വീട്‌ കഴിഞ്ഞും പോയി,ജാനൂന്റവിടെ കേറ്റീതുമില്യാ,അമ്മാത്തൊട്ട്‌ എത്തീതുമില്ല്യാ”

ന്നാ പ്പിന്നെ, നി നോക്കാനൊന്നൂല്യാ... ങ്ങട് തൊടങ്ങ്വ. രാമനും ണ്ടാവും കൂട്ടിന്‍, വേണം ച്ചാ...ല്യേ?

ഓരോന്നായ്ട്ട് ങ്ങ്ട്ട് പോന്നോട്ടേ...
:)

Unknown said...

ഉഗ്രന്‍! (അതോ കിടിലനോ? അതൊ രണ്ടിന്റേം ഒരു സങ്കരവര്‍ഗ്ഗം തന്ന്യോ?)

അതിപ്പൊ എന്തുതന്ന്യാന്നു് വച്ചാലും, ബാക്ക്യോടെ ശീഘ്രം ഇങ്ങടു് തൊറന്നു് വിട്ടോളൂ. നാളികേരോം കുരുമുളകുമൊക്കെ രാമന്‍ തന്നെയങ്ങടു് നോക്കട്ടെ.

Sunil MV said...

സ്വാഗതം നമ്പൂതിരി
:)
ഉപാസന

Mr. K# said...

നമ്പൂര്യേയ് സ്വാഗതം. എന്നാ അങ്ങട് തുടങ്ങാ..